പ്രസാദ വിതരണത്തിലെ തർക്കം; ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു
Sunday, August 31, 2025 1:05 AM IST
ന്യൂഡൽഹി: പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരുകൂട്ടം ആളുകൾ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു. തെക്കൻ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ 15 വർഷമായി ജോലി ചെയ്യുന്ന യുപി സ്വദേശി യോഗേന്ദ്രസിംഗാണ് (35) കൊല്ലപ്പെട്ടത്.
പ്രസാദത്തിനായി എത്തിയ 15 പേരടങ്ങുന്ന സംഘത്തോട് അൽപനേരം കാത്തിരിക്കാൻ യോഗേന്ദ്രസിംഗ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഘത്തിലെ ചിലർ ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ച് യോഗേന്ദ്രയെ ആക്രമിക്കുകയായിരുന്നു.
ക്ഷേത്രത്തിലെത്തിയ സംഘം എല്ലാവരോടും മോശമായാണ് പെരുമാറിയതെന്നു മറ്റൊരു ജീവനക്കാരനായ രാജു പറഞ്ഞു. സംഘത്തിലുള്ള യുവാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.