പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Saturday, August 30, 2025 11:01 PM IST
തൃശൂര്‍: പുതുക്കാട് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. തൃക്കാക്കര മഠത്തിപറമ്പ് സ്വദേശി കൂട്ടക്കല്‍ വീട്ടില്‍ മിബിന്, കണയന്നൂര്‍ പൊന്നൂക്കര സ്വദേശി മാളിയേക്കര്‍ വീട്ടില്‍ മനു ഗോഡ്വിന് എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് വില്‍പ്പനയ്ക്കായി കരുതിയ 15.25 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മിബിന് ചാലക്കുടി, എളമക്കര, കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, സ്ത്രീകളോട് ലൈംഗിക അതിക്രമം, മയക്കു മരുന്ന് ഉപയോഗം, ലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്യുക, തുടങ്ങി എട്ട് കേസുകളില്‍ പ്രതിയാണ്.
മനു ഗോഡ്വിന് കളമശേരി, ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും, ലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്യല്‍ തുടങ്ങി അഞ്ച് കേസുകളുണ്ട്.