ഡിസംബറില്‍ വ്ലാദിമിർ പുടിന് ഇന്ത്യയിലേക്ക്
Saturday, August 30, 2025 6:51 AM IST
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുവയും ഉപരോധ ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പുടിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള സാധ്യത വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു, എന്നാൽ തീയതി നിശ്ചയിച്ചിരുന്നില്ല. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനയിലെ ടിയാൻജിനിൽവച്ച് സെപ്റ്റംബർ ഒന്നിന് മോദി പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിന്റെ ഡിസംബറിലെ സന്ദർശന വാർത്ത പുറത്തുവരുന്നത്.
റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ 25 ശതമാനം അധിക താരിഫ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി ഉയർന്നു.