സ്വതന്ത്ര വ്യാപാരക്കരാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പീയുഷ് ഗോയൽ
Saturday, August 30, 2025 5:37 AM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ അമിതമായ തീരുവ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന സൂചന നൽകി, യുഎസുമായി സ്വതന്ത്ര വ്യാപാരക്കരാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
ചർച്ചയിലിരിക്കുന്ന ഉഭയകക്ഷി വ്യാപാരക്കരാറിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇന്ത്യയുടെമേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ തീരുവയെന്നാണ് വിലയിരുത്തൽ. എന്നാൽ, കാർഷിക, ഡയറി മേഖലകൾ കൂടുതൽ തുറന്നു നൽകണമെന്ന ആവശ്യത്തോട് ഇന്ത്യ മുഖം തിരിക്കുകയാണ്.
കയറ്റുമതി വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട നിലയിൽ ഈ വർഷത്തെ കയറ്റുമതി കണക്കുകൾ എത്തിച്ചേരുമെന്നും ഗോയൽ പറഞ്ഞു. 2014-25 കാലത്ത് രാജ്യത്തെ ഉത്പന്ന-സേവന കയറ്റുമതി 825 ബില്യൺ ഡോളർ എന്ന സർവകാല റിക്കാർഡിൽ എത്തിയിരുന്നു.
കോവിഡ് സാഹചര്യമുൾപ്പെടെ വിജയകരമായി തരണം ചെയ്ത ഇന്ത്യക്ക് ഒന്നും ഭയക്കാനില്ലെന്നും ആഗോള വ്യാപാര രംഗത്ത് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യത്തിന്റെ പങ്ക് ചെറുതാണെന്നും ഗോയൽ കൂട്ടിച്ചേർത്തു. യുഎസുമായി നടക്കുന്ന ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടം ഒക്ടോബർ-നവംബർ കാലയളവിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.