കാഫ നേഷന്‍സ് കപ്പ്; തജിക്കിസ്ഥാനെ മലർത്തിയടിച്ച് ഇന്ത്യ
Friday, August 29, 2025 11:36 PM IST
ഹിസോർ: കാഫ നേഷൻസ് ഫുട്ബോളിൽ തജിക്കിസ്ഥാനെ മലർത്തിയടിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി.
ഉവൈസിന്റെ ത്രോയില്‍ പെനാല്‍റ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം അന്‍വര്‍ അലിയാണ് വലകുലുക്കിയത്. തുടർന്ന് ആക്രമിച്ച് കളിച്ച ഇന്ത്യ 13-ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി. ഇത്തവണ സന്ദേശ് ജിംഗാനാണ് ലക്ഷ്യം കണ്ടത്. പത്ത് മിനിറ്റുകള്‍ക്കിപ്പുറം താജിക്കിസ്താന്‍ തിരിച്ചടിച്ചു.
ഷെഹ്റോം സമീവാണ് ഗോളടിച്ചത്. ആദ്യപകുതി 2-1 ന് ഇന്ത്യ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ താജിക്കിസ്താന്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച ഇന്ത്യ ജയം സ്വന്തമാക്കി. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ സേവുകളാണ് ടീമിന് രക്ഷയായത്.
ഖാലിദ് ജമീല്‍ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസിനെയും ആഷിഖ് കുരുണിയനെയും ഉൾപ്പെടുത്തിയാണ് പരിശീലകൻ ഖാലിദ് ജമീൽ ടീമിനെയിറക്കിയത്. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു നായകൻ.