കേരള ക്രിക്കറ്റ് ലീഗ്; ആവേശപ്പോരില്‍ തൃശൂര്‍ ടൈറ്റന്‍സിനെ കൊല്ലം വീഴ്ത്തി
Friday, August 29, 2025 8:48 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെതിരെ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ത്രസിപ്പിക്കുന്ന ജയം. മഴയെ തുടര്‍ന്ന് 13 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. വിജെഡി നിയമപ്രകാരം 148 റണ്‍സായിരുന്നു കൊല്ലത്തിന്റെ വിജയലക്ഷ്യം.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകള്‍ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. തകർച്ചയോടെയായിരുന്നു കൊല്ലത്തിന്റെ തുടക്കം. ഓപ്പണര്‍മാരായ വിഷ്ണു വിനോദ് (0), അഭിഷേക് നായര്‍ (അഞ്ച്) എന്നിവര്‍ വേഗം മടങ്ങി. എന്നാല്‍ നായകന് സച്ചിന് ബേബി തകര്‍ത്തടിച്ചതോടെ ടീം കരകയറി. സച്ചിന് 18 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു.
ആഷിഖ് മുഹമ്മദ് ആറുപന്തില്‍ നിന്ന് 13 റണ്‍സും ഷറഫുദ്ദീന് 11 പന്തില്‍ നിന്ന് 23 റണ്‍സുമെടുത്തു. അവസാനനിമിഷം എം.എസ്.അഖില്‍ പുറത്തെടുത്ത വെടിക്കെട്ട് ഇന്നിംഗ്സാണ് ടീമിന് തുണയായത്. തൃശൂര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച അഖില്‍ 12 പന്തില്‍ നിന്ന് 44 റണ്‍സ് അടിച്ചെടുത്തു. തൃശൂരിനായി അജിനാസ് മൂന്നുവിക്കറ്റെടുത്തു.
ഷോണ്‍ റോജര്‍ (51), എ.കെ.അര്ജുന് (44) എന്നിവരുടെ ഇന്നിംഗ്സുകളാണ് തൃശൂരിന് തുണയായത്. അഹമ്മദ് ഇമ്രാന് 16 റണ്‍സും വരുണ്‍ നായനാര്‍ 22 റണ്‍സുമെടുത്ത് പുറത്തായി. കൊല്ലത്തിനായി ഏദന്‍ ആപ്പിള്‍ ടോം, ഷറഫുദ്ദീന്, എം.എസ്.അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എം.എസ്.അഖിലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.