വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുലിന്റെ അനുയായികളുടെ വീടുകളിൽ റെയ്ഡ്, ഫോണുകൾ പിടിച്ചെടുത്തു
Friday, August 29, 2025 3:07 PM IST
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസിൽ പിടിമുറുക്കി ക്രൈംബ്രാഞ്ച്. അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ പരിശോധന നടത്തുകയാണ്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അടൂരിലും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇവരുടെ ഫോണുകളും സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, രാഹുൽ അടൂരിലെ സ്വന്തം വീട്ടിൽ തുടരുകയാണ്. കേസിൽ ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ക്രമക്കേട് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ ഐഡി കാർഡ് നിർമിച്ചു എന്നാണ് കേസ്. കേസിൽ ഫെനി നൈനാൻ, ബിനിൽ ബിനു,അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്വേഡ് രാഹുൽ നൽകിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.