സദാനന്ദന്റെ രാജ്യസഭാംഗത്വം ചോദ്യം ചെയ്തു ഡൽഹി ഹൈക്കോടതിയിൽ ഹർജി
Friday, August 29, 2025 6:42 AM IST
ന്യൂഡൽഹി: സാമൂഹികസേവനം എന്നനിലയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദനെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാനാകില്ലെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി.
കല, സാഹിത്യം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ രാജ്യത്തിനു സംഭാവന ചെയ്തവരെയാണു സാധാരണ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്യാറുള്ളത്. എന്നാൽ, ഏതു മേഖലയിലാണ് സദാനന്ദൻ സംഭാവന നൽകിയതെന്നു വ്യക്തമല്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കോടനാണ് ഹർജി നൽകിയത്.
ആർഎസ്എസ് നേതാവായ സി. സദാനന്ദൻ ഉൾപ്പെടെ നാലുപേരെ ജൂലൈ 13നാണ് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തത്. മുൻ വിദേശകാര്യമന്ത്രി ഹർഷ വർധൻ ശൃംഗ്ല, മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകൻ ഉജ്വൽ നിഗം, ചരിത്രകാരിയും ഡൽഹി സർവകലാശാല പ്രഫസറുമായ മീനാക്ഷി ജെയ്ൻ എന്നിവരായിരുന്നു നാമനിർദേശം ചെയ്ത മറ്റുള്ളവർ.