വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ
Friday, August 29, 2025 6:06 AM IST
തിരുവനന്തപുരം: വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലായെന്നാണ്. താൻ രാഷ്ട്രീയ വിദ്വാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ താൻ അധ്വാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
കോമണ്സെൻസും കുറച്ചു ബുദ്ധിയുമുള്ള താൻ ഹിന്ദു വിശ്വാസിയാണ്. ശബരിമലയിൽ 18 തവണ 18 പടികയറി ദർശനം നടത്തിയിട്ടുണ്ട്. കാൾ മാർക്സും ദാസ് ക്യാപിറ്റലും വായിച്ചു കമ്മ്യൂണിസ്റ്റാകാൻ തനിക്കു താത്പര്യമില്ല.
പക്ഷേ വികസന കാഴ്ച്ചപ്പാടു തനിക്കുണ്ടെന്നും അതുമായാണു താനും ബിജെപിയും കേരളത്തിൽ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
അയ്യപ്പഭക്ത സംഗമം രാഷ്ട്രീയമായി കാണരുതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്ട്രീയമില്ലായെന്നു അദ്ദേഹം പറയുന്നത്. ദേവസ്വം ബോർഡാണ് അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടതും അതിഥികളെ ക്ഷണിക്കേണ്ടതും. എന്നാൽ അതെല്ലാം ചെയ്യുന്നതു ദേവസ്വം മന്ത്രിയാണ്.
ഹിന്ദുവിരുദ്ധത പറയുന്ന സ്റ്റാലിനെ പരിപാടിയിലേക്കു ക്ഷണിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിക്കു മറ്റൊരു അജണ്ടയുണ്ട്. തെരഞ്ഞെടുപ്പിനു കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പരിപാടിയെപ്പറ്റി ബിജെപിയ്ക്ക് ആക്ഷേപമില്ല. ദേവസ്വം ബോർഡ് സംഘടിപ്പിക്കുകയാണെങ്കിൽ അതു നടക്കട്ടെ. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്തവരാണു ദേവസ്വംബോർഡും സർക്കാരും. എന്നാൽ പന്പയിൽ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദുവിനെതിരെ നിലപാടെടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണു പ്രശ്നം.
ഹിന്ദുമത വിശ്വാസം വൈറസ് എന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രി പറഞ്ഞതു അയ്യപ്പസംഗമം ആരാധനയുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രി വിശ്വാസിയല്ല. ഭക്തരെ ബഹുമാനിക്കുന്ന ഭക്തർക്കുവേണ്ടിയുള്ള സമ്മേളനം ആണെങ്കിൽ അവിടേക്കു സ്റ്റാലിനെയും ഡിഎംകെയും ക്ഷണിക്കാൻ പാടില്ല.
വിശ്വാസി അല്ലാത്തൊരു മുഖ്യമന്ത്രിയല്ല ഈ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്ലിം സമുദായത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും രാജീവ് ചോദിച്ചു.