സ്വകാര്യ ബസ് ജീവനക്കാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം: ഹൈക്കോടതി
Thursday, August 28, 2025 9:56 PM IST
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എതിർപ്പുകളെ തുടർന്ന് പുതിയ നിബന്ധനകൾ നടപ്പാക്കുന്നത് സർക്കാർ നിർത്തിവച്ചിരുന്നു. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റീസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി.
കേവലം നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഇത്തരം കാര്യങ്ങൾ നടപ്പാക്കാതിരിക്കാനാവില്ല. പൊതുജന സുരക്ഷയെ കരുതിയാണ് ഇത്തരം നിബന്ധനകൾ കൊണ്ടുവന്നതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തു വന്നതെന്നനും അവ നടപ്പാക്കാൻ ആവശ്യമായ സമയവും അനുവദിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. സംസ്ഥാന ഗതാഗത വകുപ്പിന് ഇത്തരം നടപടികൾ സ്വീകരിക്കാൻ അധികാരമില്ലെന്ന വാദവും കോടതി തള്ളി.