ഉരുട്ടിക്കൊലക്കേസ്; പോലീസുകാരെ വിട്ടയച്ച വിധിക്കെതിരേ അപ്പീലിന് സിബിഐ ശിപാർശ
Thursday, August 28, 2025 9:08 PM IST
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ സമർപ്പിക്കാൻ സിബിഐ ശിപാർശ നൽകും. സിബിഐ തിരുവനന്തപുരം സ്പെഷൽ ക്രൈം യൂണിറ്റാണ് അപ്പീൽ സമർപ്പിക്കണമെന്ന ശിപാർശ സിബിഐ ആസ്ഥാനത്തേക്കു നൽകുക.
സിബിഐ പ്രോസിക്യൂഷൻ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഉരുട്ടിക്കൊല കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണവും പ്രോസിക്യൂഷനും നടപടിക്രമങ്ങൾ പാലിക്കാതെയുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്.
എന്നാൽ സാങ്കേതിക പിഴവുകൾ മാത്രമാണ് സംഭവിച്ചതെന്നും പ്രതികളെല്ലാം വിചാരണക്കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നതും വ്യക്തമാക്കി അപ്പീൽ നൽകാമെന്നാണ് ശിപാർശ. വൈകാതെ ശിപാർശ സിബിഐ ആസ്ഥാനത്തേക്ക് അയയ്ക്കുമെന്നാണു വിവരം.
പോലീസ് സ്റ്റേഷനിൽ നിരപരാധിയെ ഉരുട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളം ഏറെ ചർച്ച ചെയ്തതിനാലും സിബിഐ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിലുമാണ് അപ്പീൽ വേണമെന്ന നിഗമനത്തിലേക്കു നീങ്ങുന്നത്.