പ്രവർത്തന ഫണ്ട് ശേഖരണം; കോൺഗ്രസ് നേതാക്കൾ വീടുകൾ കയറും
Thursday, August 28, 2025 8:12 PM IST
തിരുവനന്തപുരം: പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസ് നേതാക്കളും വീടുകൾ കയറുന്നു. കെ.സുധാകരൻ കെപിസിസി അധ്യക്ഷനായിരുന്ന കാലയളവിൽ തീരുമാനിച്ച പദ്ധതിയാണ് നിലവിലെ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
2024 ജൂലൈയിൽ നടന്ന വയനാട് ക്യാമ്പിൽ കെ.സി.വേണുഗോപാൽ മുന്നോട്ടുവച്ച ആശയമാണിത്. സ്വന്തം മണ്ഡലമായ പേരാവൂരിലാകും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗൃഹസന്ദർശനം നടത്തുക. കാലാകാലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ഫണ്ട് പിരിവ്.
താഴെത്തട്ടിൽ പണമില്ലാത്തതിനാൽ പലപ്പോഴും പ്രചാരണങ്ങളിൽ പിന്നോട്ടുപോകുന്നുവെന്ന് അണികൾക്കിടയിൽ പരാതിയുണ്ടായിരുന്നു. ഇതിന് അറുതി വരുത്തി തെരഞ്ഞെടുപ്പ് പ്രചാരണം സുഗമമാക്കാനാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ നേതാക്കൾ വീടുകൾ കയറുന്നത്.