ജലനിരപ്പ് ഉയർന്നു; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്
Thursday, August 28, 2025 7:15 PM IST
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ, മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മാട്ടുപെട്ടി, കല്ലാർകുട്ടി, പെരിങ്ങൽകുത്ത് ഡാമുകളിലും മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലും മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നു വിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
അതേസമയം ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.