കേരള ക്രിക്കറ്റ് ലീഗ്: ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് ജയം
Thursday, August 28, 2025 12:11 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് ജയം. മഴ കളിച്ച മത്സരത്തില്‍ 11 റൺസിനാണ് ടൈറ്റൻസ് വിജയിച്ചത്.
കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. അഹമ്മദ് ഇമ്രാന്റെ (49 പന്തില്‍ 98) ഇന്നിംഗ്സാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
പിന്നീട് മഴ എത്തിയതോടെ റോയല്‍സിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 12 ഓവറില്‍ 148 ആയി കുറച്ചു. റോയല്‍സിന് 12 ഓവറില്‍ ആറ് വിക്കറ്റിന് 136 റണ്‍സെടുക്കാനാണ് സാധിച്ചത്. 26 പന്തില്‍ 63 റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈ മാത്രമാണ് റോയല്‍സ് നിരയില്‍ തിളങ്ങിയത്.
റിയ ബഷീര്‍ (23), നിഖില്‍ (12), അഭിജിത് പ്രവീണ്‍ (പുറത്താവാതെ 17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കൃഷ്ണ കുമാര്‍ (1), അബ്ദുള്‍ ബാസിത് (2), സഞ്ജീവ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുബിന് എസ് (6) പുറത്താവാതെ നിന്നു.