പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
Wednesday, August 27, 2025 10:10 PM IST
തിരുവനന്തപുരം: പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആര്യനാട് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു. ആര്യനാട് കുന്നുനട സ്വദേശി അബ്ദുൾ വാഹീദ് (62) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയായിരുന്നു അബ്ദുൾ വാഹീദ് പൊന്മുടി മലമുകളിൽ നിന്നും ചാടിയത്. പൊന്മുടിയിലേക്ക് വന്ന വിനോദ സഞ്ചാരികൾ വഴിയരികിൽ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു.
22ാം വളവിന് സമീപം താഴേക്ക് ചാടിയെന്ന സൂചന ലഭിച്ച പോലീസ് സമീപത്ത് പരിശോധന നടത്തിയപ്പോൾ മൊബൈൽ ഫോണും ബാങ്ക് രേഖകളും ലഭിച്ചു. ഇതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പിന്നാലെ ഫോണിൽ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു.
പിന്നാലെ വിതുര യൂണിറ്റിൽ നിന്നും തിരുവനന്തപുരം യൂണിറ്റിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് റോപ്പ് ഉപയോഗിച്ച് മണിക്കൂറുകൾ നേരത്തെ പരിശ്രമത്തിനൊടുവിൽ 200 അടിയോളം താഴ്ചയിൽ നിന്നും മൃതദേഹം മുകളിലെത്തിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.