റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്തു; താമരശേരി ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി, നിയന്ത്രണം ഇന്ന് കൂടി തുടരും
Wednesday, August 27, 2025 9:37 PM IST
കല്‍പ്പറ്റ: താമരശേരി ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്ന് രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.
ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ചൊവ്വാഴ്ച റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് ആദ്യം അടിവാരം ഭാഗത്തേക്ക് കടത്തിവിട്ടത്.
വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടക്കുന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അനുവദിക്കും. എല്ലാവാഹനങ്ങളും കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ന് ചുരം അടയ്ക്കും. വ്യാഴാഴ്ച രാവിലെ സുരക്ഷ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 7. 10 ഓടുകൂടിയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞുവീണത്. സാവധാനമാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്ന് രാത്രിയോടെയാണ് റോഡിലേക്ക് വീണ പാറക്കൂട്ടങ്ങളും മണ്ണും പൂര്‍ണമായും നീക്കം ചെയ്ത്.
വൈകുന്നേരം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഫയര്‍ഫോഴ്സെത്തി ഇളകി വീഴാൻ സാധ്യതയുള്ള പാറകളടക്കം തള്ളിയിട്ടശേഷം ഗതാഗതത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.
സ്ഥലത്തെ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെ വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായിരുന്നു