അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
Wednesday, August 27, 2025 7:59 PM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.
കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിയമപരമായ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന വിലയിരുത്തലിലാണ് റദ്ദാക്കിയത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതിയുടെ ആവശ്യപ്രകാരം സർക്കാർ തുടരന്വേഷണത്തിന് അനുമതി നൽകിയത് വിചിത്രമാണ്. ഭരണകൂടം കുറ്റവാളികൾക്ക് അനുകൂലമായി നിന്നാൽ അത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാകും ഇത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
2021 ലാണ് താൻ നേരിടുന്ന വിജിലൻസ് കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ടോമിൻ തച്ചങ്കരി സർക്കാരിനെ സമീപിച്ചത്. ഇതിൽ തച്ചങ്കരിക്ക് അനുകൂലമായി സർക്കാർ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അതിനിടെ 2007 ൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ആദ്യം സമീപിച്ച ബോബി കുരുവിള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.