പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
Wednesday, August 27, 2025 6:06 PM IST
തിരുവനന്തപുരം: പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.രാഹുലിനെതിരെ സ്വമേധയാ പോലീസ് കേസെടുക്കുകയായിരുന്നു.
ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്കാന് ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പോലീസ് ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവെന്നാണ് വിവരം.ഇതിന് പിന്നാലെയാണ് കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണവുമായി നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.