ശോഭ സുരേന്ദ്രനും സുരേഷ്ഗോപിക്കും പരാതിക്കാരിയെ അറിയാം: സന്ദീപ് വാര്യർ
Wednesday, August 27, 2025 3:52 PM IST
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പരാതി ഉന്നയിച്ച സ്ത്രീയെ സുരേഷ്ഗോപിക്കും ശോഭ സുരേന്ദ്രനുമടക്കമുള്ള ബിജെപി നേതാക്കൾക്ക് പരിചയമുണ്ടെന്ന് സന്ദീപ് വാര്യർ. ബിജെപി നേതാക്കളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും ആർഎസ്എസ് ബിജെപി നേതാക്കൾക്ക് ഈ പരാതി സംബന്ധിച്ച് വ്യക്തമായി അറിയാമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
പാർട്ടിക്കു മുന്നിൽ പരാതി അറിയിച്ചിട്ടും ആ സ്ത്രീക്ക് നീതി കിട്ടിയില്ല. അങ്ങനെയുള്ള പാർട്ടിക്കാർ ഇപ്പോൾ സ്ത്രീസംരക്ഷക വേഷം കെട്ടിയിറങ്ങുന്പോൾ ആ പെണ്‍കുട്ടി പ്രതികരിച്ചത് സ്വാഭാവികം മാത്രമാണെന്നും സന്ദീപ് പറഞ്ഞു.
രാഹുലിന്റെ കാര്യത്തിൽ കോണ്‍ഗ്രസ് കാണിച്ച മാതൃക ബിജെപിയും കാണിക്കട്ടെയെന്നും സന്ദീപ് ആവശ്യപ്പെട്ടു. ആ പെണ്‍കുട്ടിയെ വ്യാജപരാതിക്കാരിയാക്കുന്നത് നീതീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാറു വർഷം മുൻപ് കൃഷ്ണകുമാറിന്റെ ബന്ധുവായ ഒരു സ്ത്രീ നൽകിയ പരാതിയാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് എറണാകുളം സ്വദേശിനി പരാതി നൽകിയിരിക്കുന്നത്.
പരാതി ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നു പരാതിയിൽ പറയുന്നുണ്ട്. കൃഷ്ണകുമാർ മോശമായി പെരുമാറിയെന്നും മറ്റും പരാതിയിൽ പറയുന്നു. എന്നാൽ പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും പരാതിയിലുണ്ട്.