ഒഡീഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി
Wednesday, August 27, 2025 2:36 PM IST
ഭുവനേശ്വർ: ഒഡീഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി. ബാലസോർ സ്വദേശിനിയായ 23കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രദേശവാസിയായ ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയി മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ ആറുമാസം തടവിലാക്കി നിരവധി പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ കൂട്ടബലാത്സംഗത്തിനും പീഡനങ്ങൾക്കും ഇരയാക്കിയെന്നും ഭോഗ്രായി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
അതേസമയം, മകൾ ഒരാളോടൊപ്പം ഒളിച്ചോടിയെന്നും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചെന്ന് കാണിച്ച് യുവതിയുടെ അമ്മ മാർച്ച് മൂന്നിന് പരാതി നൽകിയതായി ഭോഗ്രായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് രോഹിത് കുമാർ ബാൽ പറഞ്ഞു.
സ്ത്രീയെ ബാലസോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.