ഉദയകുമാര് ഉരുട്ടിക്കൊല കേസ്; പോലീസുകാരായ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി
Wednesday, August 27, 2025 11:26 AM IST
തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ നാല് പ്രതികളെയും വെറുതെ വിട്ടു ഹൈക്കോടതി. ഒന്നാം പ്രതിയുടെ വധശിക്ഷയും റദ്ദാക്കി.
അന്വേഷണത്തിൽ സിബിഐക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2018ലാണ് സിബിഐ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.
മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബർ 27ന് പകൽ രണ്ടിനാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐയായിരുന്ന ഇ.കെ. സാബുവിന്റെ പ്രത്യേക സ്ക്വാഡിലുള്ള പോലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
ആക്രിക്കടയിൽ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പോലീസ് കസ്റ്റഡിയിൽ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറയാണ്. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കേസുപോലും ചാർജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പോലീസുകാർ ചേർന്നാണ് ഉദയകുമാറിനുമേൽ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേർന്ന് ജിഐ പൈപ്പുകൊണ്ട് തുടയിൽ മാരകമായി അടിച്ചു. രാത്രി എട്ടോടെ ഉദയകുമാർ മരിച്ചു.
തുടർന്ന് എസ്ഐ അജിത് കുമാറും സിഐ ഇ.കെ. സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാർജ് ചെയ്യുകയായിരുന്നു. കൈകൾ കെട്ടാൻ ഉപയോഗിച്ച തോർത്തും അടിച്ച ചൂരലും മാറ്റി.
എസിപി ടി.കെ ഹരിദാസും ഗൂഢാലോചനയിൽ പങ്കാളിയായി. ഇതിനുശേഷം എഎസ്ഐ രവീന്ദ്രൻനായരും ഹെഡ്കോൺസ്റ്റബിൾ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്ഐആർ ഉണ്ടാക്കി.
പ്രതികൾ തയാറാക്കിയ കരട് എഫ്ഐആർ രവീന്ദ്രനായർക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാർജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റർ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാർഡും തയാറാക്കി.
തുടർന്ന് രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ്കോൺസ്റ്റബിൾമാരായ തങ്കമണി, എൻ രാമചന്ദ്രൻ, ഷീജാകുമാരി, സജിത എന്നിവരെ പ്രതികൾ ഭീഷണിപ്പെടുത്തി.
ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനിൽ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി. ആശുപത്രിയിലെത്തിക്കുമ്പോൾ പറഞ്ഞത് വഴിയരികിൽ പരിക്കേറ്റ് കിടക്കുന്നതുകണ്ടു എന്നാണ്.
പിന്നീട് പോസ്റ്റ് മോർട്ടത്തിലാണ് മർദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികൾ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ തയാറായത്.