പീഡനപരാതി നനഞ്ഞ പടക്കം, പിന്നിൽ പാർട്ടി വിട്ടയാൾ: നിയമപരമായി നേരിടുമെന്ന് സി. കൃഷ്ണകുമാർ
Wednesday, August 27, 2025 11:14 AM IST
പാലക്കാട്: തനിക്കെതിരായ പീഡന പരാതിയിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ. പാർട്ടിക്കുള്ളിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ പാർട്ടിക്കുള്ളിൽ ഇല്ലാത്ത ഒരാളാണ് ഇതിനെല്ലാം പിന്നിലെന്നാണ് കൃഷ്ണകുമാറിന്റെ ആദ്യപ്രതികരണം. 2015 നും 2020നും പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞപടക്കമാണ് ഇപ്പോൾ കോണ്ഗ്രസ് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ജൂലൈയിൽ കോടതി തള്ളിക്കളഞ്ഞ കേസാണിത്. തികച്ചും കുടുംബപ്രശ്നമാണ് ഈ വ്യാജ പരാതിക്ക് പിന്നിൽ. സിവിൽ കേസും ഡൊമസ്റ്റിക് വയലൻസ് കേസും കോടതി തള്ളി ഞങ്ങൾക്ക് അനുകൂല വിധി വന്നിട്ടുണ്ട്.
പാർട്ടിക്ക് മുന്നിൽ പരാതിയെത്തിയപ്പോൾ പാർട്ട് അത് പ്രാഥമികമായി പരിശോധിച്ച് കഴന്പില്ലെന്നും മനഃപൂർവം കെട്ടിച്ചമച്ച പരാതിയാണെന്നും ബോധ്യപ്പെട്ടതിനെ തുടർന്നു പരിഗണിക്കാതെ വിടുകയായിരുന്നു. കുടുംബസ്വത്തിന്റെ കേസിൽ എന്റെ ബന്ധുവായ ആ സ്ത്രീ കോടതിയിലും കേസിലും അപ്പർഹാൻഡ് കിട്ടാനായി ചമച്ച പരാതിയാണിത്. പാർട്ടിക്ക് അത് ബോധ്യപ്പെട്ടതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്.
ഒരു കുടുംബതർക്കം ഇത്രയും നീചമായ രീതിയിൽ കൊണ്ടുവന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ തന്നെയും തളയ്ക്കാമെന്ന് ആരുടെയെങ്കിലും മനസിൽ പാൽപായസമുണ്ടെങ്കിൽ അവരത് മാറ്റിവച്ചോട്ടെയെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
അഞ്ചാറു വർഷം മുൻപ് കൃഷ്ണകുമാറിന്റെ ബന്ധുവായ ഒരു സ്ത്രീ നൽകിയ പരാതിയാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് എറണാകുളം സ്വദേശിനി പരാതി നൽകിയിരിക്കുന്നത്.
പരാതി ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നു പരാതിയിൽ പറയുന്നുണ്ട്. കൃഷ്ണകുമാർ മോശമായി പെരുമാറിയെന്നും മറ്റും പരാതിയിൽ പറയുന്നു. എന്നാൽ പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും പരാതിയിലുണ്ട്.