വീണ്ടും സ്ത്രീധനപീഡനം; യുവതിയെ ഭർത്താവ് തീകൊളുത്തി
Wednesday, August 27, 2025 9:54 AM IST
ലക്നോ: ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂർ ഗ്രാമത്തിലാണ് സംഭവം.
നഴ്സായ പരുൾ(32) എന്ന യുവതിക്ക് നേരെയാണ് ക്രൂരതയുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൺസ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ് ഭാര്യയെ തീകൊളുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും നാളുകളായി പരുളിനെ പീഡിപ്പിച്ചു വരികയായിരുന്നു.
പരുളിന്റെ സഹോദരൻ പരാതിയിൽ ഭർത്താവ് ദേവേന്ദ്ര, അമ്മ, സോനു, ഗജേഷ്, ജിതേന്ദ്ര, സന്തോഷ് എന്നീ നാല് ബന്ധുക്കൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികൾക്കെതിരെ ഗാർഹിക പീഡനം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവർ ഒളിവിലാണ്.
അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് താൻ പരുളിന്റെ ഭർതൃഗൃഹത്തിലെത്തിയതെന്ന് അമ്മ പറഞ്ഞു. ഇവരാണ് മകളെ ആശുപത്രിയിലെത്തിച്ചത്. 13 വർഷങ്ങൾ മുമ്പാണ് പരുളിന്റെയും ദേവേന്ദ്രയുടെയും വിവാഹം നടന്നത്. ദമ്പതികൾക്ക് ഇരട്ട കുട്ടികളുണ്ട്.