മണ്ണിടിച്ചില്‍: താമരശേരി ചുരത്തിലെ ഗതാഗതനിയന്ത്രണം തുടരുന്നു
Wednesday, August 27, 2025 8:39 AM IST
കോഴിക്കോട്: താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം ബുധനാഴ്ച രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക.
ചൊവ്വാഴ്ച രാത്രിമുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ കുറ്റ്യാടി ചുരത്തില്‍ പുലര്‍ച്ചെ നാലുമണിവരെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
കുറ്റ്യാടിയിലും വയനാട് നിരവില്പുഴയിലും ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതക്കുരുക്കിന് അയവ് വന്നത്.
നിലവില്‍ കര്‍ണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. ഇടയ്ക്കിടെയുള്ള സമയങ്ങളില്‍ ചെറിയ രീതിയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.