ട്രംപിന്റെ അധിക തീരുവ; മുന്നൊരുക്കവുമായി ഇന്ത്യ
Wednesday, August 27, 2025 5:37 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഇന്ന് മുതൽ ഏർപ്പെടുത്തുന്ന 25 ശതമാനം അധിക പിഴത്തീരുവയുടെ പ്രതിസന്ധി മറികടക്കാൻ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസർക്കാർ. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും പുതിയ വിപണികൾ കണ്ടെത്തിയും മേക്ക് ഇൻ ഇന്ത്യയിലൂടെ അധിക നിക്ഷേപം ആകർഷിച്ചും തിരിച്ചടി മറികടക്കാനാണ് ശ്രമം.
രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്ന പ്രാദേശിക ഉപഭോഗം വർധിപ്പിച്ച് ഭീമൻ തീരുവയെ നേരിടാനാണു കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി സർക്കാർ മുന്നോട്ടുവച്ച ജിഎസ്ടിയിലെ ഇളവുകളും പരിഷ്കാരങ്ങളും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണുകളിലൊന്നായ നവരാത്രി ആഘോഷങ്ങൾക്കുമുന്പ് നടപ്പിൽ വരുത്തും.
സെപ്റ്റംബർ മധ്യത്തോടെ മാറ്റങ്ങൾ പ്രാബല്യത്തിലായാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വൻതോതിൽ വാഹനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്ന നവരാത്രിയിലും ദീപാവലിയിലും ഉപഭോഗം വർധിപ്പിച്ച് തീരുവയെ നേരിടാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.