ഓണച്ചന്തകൾ 10 ദിവസത്തേക്ക്; ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി
Wednesday, August 27, 2025 4:11 AM IST
തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 1800 ലധികം ഓണച്ചന്തകൾ പത്തു ദിവസത്തേക്ക് സംസ്ഥാനത്തുടനീളം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നത്.
ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സഹകരണ സംഘങ്ങളുടെ തന്നെ ഉത്പന്നങ്ങളും ഈ ചന്തകളിൽ ലഭ്യമാക്കും. ഓണച്ചന്തകളിലെ വിലനിലവാരം ജനങ്ങൾ നേരിട്ടറിയാൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഇടപെടലുകൾ ഓണക്കാലം സമൃദ്ധമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇതിന്റെ ഭാഗമായി 60 ലക്ഷം കുടുംബങ്ങൾക്ക് 3200 കോടി രൂപയുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു.
നെൽകർഷകരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടു കൊണ്ട് കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡി തുകയുടെ വിതരണം പൂർത്തിയാക്കി. ഇത് നമ്മുടെ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.