തീരുവ ഭീഷണി; ട്രംപിന്റെ കോളുകൾക്ക് മറുപടി നൽകാതെ മോദി
Wednesday, August 27, 2025 1:06 AM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കുമേലുള്ള യുഎസിന്റെ ഭീഷണികൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ച നാല് ഫോൺ കോളുകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്ന് ജർമ്മൻ പത്രം റിപ്പോർട്ടു ചെയ്തു. ജർമ്മൻ പത്രം നൽകിയ റിപ്പോർട്ട് വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല.
എന്നാൽ, കോളുകൾ വിളിച്ചതായി പറയപ്പെടുന്ന തീയതികൾ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏകപക്ഷീയമായി തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡോണൾഡ് ട്രംപുമായി അങ്ങോട്ട് വിളിച്ച് സംഭാഷണം വേണ്ടെന്ന നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചത്.
ഇന്ത്യയിലെ ട്രംപിന്റെ നിർമാണ പദ്ധതികളും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. ഡൽഹിക്ക് സമീപം ട്രംപിന്റെ കുടുംബ കമ്പനി അദ്ദേഹത്തിന്റെ പേരിൽ ആഡംബര ടവറുകൾ നിർമിച്ചതായും 12 ദശലക്ഷം യൂറോ വരെ വിലമതിക്കുന്ന 300 അപ്പാർട്ട്മെന്റുകൾ മേയ് പകുതിയോടെ ഒറ്റദിവസം കൊണ്ട് വിറ്റുപോയതായും ജർമ്മൻ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.