രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് വി.ഡി. സതീശന്റെ ശ്രമം: രാജീവ് ചന്ദ്രശേഖർ
Tuesday, August 26, 2025 9:38 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി ഡി സതീശന്റെ 'കേരളം ഞെട്ടുന്ന ഒരു വാര്ത്ത വരും' എന്ന പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
"കോൺഗ്രസിന്റെ എംഎൽഎയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല. വനിതാ നേതാക്കളടക്കം കോൺഗ്രസ് പാർട്ടിയിലുള്ളവർ വേട്ടക്കാരനായ ഈ എംഎൽഎ, നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോൺഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്ത് കൊണ്ടാണ്, അതിനാണ് സതീശൻ മറുപടി പറയേണ്ടത്' - രാജിവ് ചന്ദ്രശേഖർ പറഞ്ഞു.
രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ് നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്നും രാജീവ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺഗ്രസെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കും. അതേസമയം ജമാ അത്തെ ഇസ്ലാമിയടക്കമുള്ള ജനാധിപത്യവിരുദ്ധ സംഘടനകളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുകയും ചെയ്യും. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രിയങ്ക ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കും. അതേസമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ എംഎൽഎമാരായി തുടരുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
സ്വന്തം തെറ്റുകൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാകാം, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇത്തരം എംഎൽഎമാരെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നത്. നുണ, കാപട്യം, പതിറ്റാണ്ടുകളായി ജനങ്ങളോടുള്ള വഞ്ചന - അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി