ഷൊർണൂരിൽ തെരുവുനായ ആക്രമണം; സ്കൂൾ വിദ്യാർഥിക്ക് കടിയേറ്റു
Tuesday, August 26, 2025 4:34 PM IST
പാലക്കാട്: ഷൊർണൂരിൽ തെരുവുനായ ആക്രമണം. സ്കൂൾ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഷൊർണൂർ എസ്എംബി ജംഗ്ഷനിലെ സ്വകാര്യ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന സമയത്ത് മുഹമ്മദ് ഫയിക്കിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും വിദ്യാർത്ഥി ചികിത്സ തേടി. ഇതര സംസ്ഥാന തൊഴിലാളികളായ കുടുംബം കഴിഞ്ഞ 17 വർഷമായി ഷൊർണൂർ എസ്എംബി ജംഗ്ഷനിലാണ് താമസം.