മാതാപിതാക്കളെ ആക്രമിച്ച് സ്വർണമാല കവർന്ന കേസ്; മകൻ അറസ്റ്റിൽ
Tuesday, August 26, 2025 4:10 PM IST
തൃശൂർ: മറ്റത്തൂരിൽ മാതാപിതാക്കളെ ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി സുരേഷിനെ (52) ആണ് അറസ്റ്റിലായത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി പാറപറമ്പിൽ വീട്ടിൽ രാമു (74) വിനെയും ഭാര്യ വാസന്തിയെയും മൂത്ത മകനായ സുരേഷ് വീട്ടിൽ വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു.
പിന്നീട് വീടിന്റെ അകത്ത് കയറി കിടപ്പുമുറിയുടെ വാതിൽ തകർത്ത് റൂമിലെ അലമാരക്കകത്ത് സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. സംഭവത്തിൻ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൈയ്യിൽ നിന്ന് മതിലകം പടിഞ്ഞാറേ വെമ്പല്ലൂരിലുള്ള ഫിനാൻസ് സ്ഥാപനത്തിൽ 20000 രൂപക്ക് സ്വർണ മാല പണയം വച്ചതിന്റെ രസീത് പിടിച്ചെടുത്തിട്ടുണ്ട്.
രാമുവിനും ഭാര്യയ്ക്കും മൂന്ന് മക്കളാണ്. മകൾ എറിയാടും രണ്ടാമത്തെ മകൻ കൊടുങ്ങല്ലൂരിലുമാണ് കുടുബമായി താമസിക്കുന്നത്. മൂത്ത മകൻ സുരേഷ് വിവാഹിതനാണ്. ഇയാളുടെ ഭാര്യയും മക്കളും സുരേഷുമായി വേർപിരിഞ്ഞ് കഴിയുകയാണ്.
സുരേഷ് കാര്യമായ ജോലിക്കൊന്നും പോകുന്നില്ല. അച്ഛന്റെയും അമ്മയുടെയും ചെലവിലാണ് കഴിയുന്നത്. ആഗസ്റ്റ് 23 ന് രാത്രിയിൽ സുരേഷ് അച്ഛനോട് 10,000 രൂപ ആവശ്യപ്പെട്ടാണ് അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തത്.