രാഹുൽ നിരപരാധിത്വം തെളിയിക്കണം: വ്യക്തത വരുത്താതെ തുടർപരിഗണനകളില്ലെന്ന് എഐസിസി
Tuesday, August 26, 2025 12:20 PM IST
ന്യൂഡൽഹി: വിവിധ ആരോപണങ്ങളിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്ന് എഐസിസി.
രാഹുൽ നിരപരാധിത്വം തെളിയിക്കണമെന്നും കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. എന്നാൽ, ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. നിരപരാധിത്വം തെളിയിച്ചാല്‍ രാഹുലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്.
രാഹുൽ രാജിവച്ചൊഴിയണമെന്ന പക്ഷക്കാരായിരുന്നു കോണ്‍ഗ്രസിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും. മിക്കവരും പരസ്യമായിത്തന്നെ നിലപാടു വ്യക്തമാക്കി. പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി.
രാഹുൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമല്ലെന്ന് പാർട്ടി നിയമസഭാ സ്പീക്കറെ അറിയിക്കും. അതോടെ രാഹുൽ കോണ്‍ഗ്രസ് പാർട്ടിയുടെയോ യുഡിഎഫിന്റെയോ ഭാഗമല്ലാതാകും. അടുത്ത മാസം 15ന് ആരംഭിക്കാനിടയുള്ള നിയമസഭാ സമ്മേളനത്തിൽനിന്ന് രാഹുൽ അവധിയെടുത്തു മാറി നിൽക്കുമെന്നു സംസാരമുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിവായിട്ടില്ല.
ഞായറാഴ്ചയോടെയാണ് എംഎൽഎ സ്ഥാനം രാജിവയ്പിക്കേണ്ട എന്ന നിലപാടിലേക്കു പാർട്ടി മാറിയത്. നിയമസഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂഎങ്കിലും ഉപതെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചടിയാകും എന്ന ആശങ്കയാണ് രാഹുലിന്റെ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്.
ഇപ്പോഴത്തെ നിലയിൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു നടന്നാൽ കോണ്‍ഗ്രസിനു ബുദ്ധിമുട്ടായിരിക്കും. അവിടെ ഗുണമുണ്ടാകാൻ പോകുന്നത് ബിജെപിക്ക് ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കേന്ദ്രസർക്കാർ ഉപതെരഞ്ഞെടുപ്പ് നടത്തിക്കുന്നതിനെ അനുകൂലിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. അതോടെയാണ് സസ്പെൻഷൻ എന്ന ആശയത്തിലേക്കു മാറിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കടുത്ത നടപടി വേണമെന്ന പക്ഷക്കാരായിരുന്നു. അതേസമയം, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ കടുത്ത നടപടിക്ക് അനുകൂലമായിരുന്നില്ല. രാഹുലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതും ഷാഫിയുടെ കടുംപിടുത്തത്തിൽ ആയിരുന്നു. അതിന്റെ പേരിൽ ഷാഫി പാർട്ടിക്കുള്ളിൽ വിമർശനത്തിനു വിധേയനാകുന്നുമുണ്ട്.
രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സമാനതകളില്ലാത്ത ധാർമികത ഉയർത്തിപ്പിടിച്ചു എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. വരുംദിനങ്ങളിൽ കോണ്‍ഗ്രസിന്റെ പ്രതിരോധം ഇതുതന്നെയായിരിക്കും.
എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. രാഹുലിനെതിരായ ആക്ഷേപങ്ങൾ ‘ലോകചരിത്രത്തിൽ തന്നെ അപൂർവം’ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചത്. രാഹുലിന് എംഎൽഎ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ഭീഷണിയും ഗോവിന്ദൻ മുഴക്കിയിട്ടുണ്ട്. രാഹുലിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണു ബിജെപിയും പ്രഖ്യാപിച്ചിട്ടുള്ളത്.