ഓണംവന്നേ! വർണക്കാഴ്ചയൊരുക്കി തൃപ്പൂണിത്തുറയില്‍ അത്തച്ചമയഘോഷയാത്ര
Tuesday, August 26, 2025 11:16 AM IST
തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
അത്തം നാളില്‍ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്‍ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള്‍ ആകാശത്തേക്കുയര്‍ന്നു.
അത്തം നഗറില്‍ വേഷമിട്ട് നിന്ന കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ ആദ്യ ചുവടുകള്‍ വച്ചതോടെ അത്തം നഗര്‍ വര്‍ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര്‍ തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്‍ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേക്കിറങ്ങി.
മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്. മഹാബലി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്‍, തകില്, ചെണ്ടമേളം, ബാന്‍ഡ് മേളം, തമ്പോല മേളം, കാവടി, തെയ്യം, തിറ, പടയണി, കെട്ടുകാള, ആലാമികളി, ഗരുഡന് പറവ, ഡോള്‍ ഡാന്‍സ്, ദേവനൃത്തം, അര്‍ജുനനൃത്തം തുടങ്ങി ഒട്ടനവധിയായ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് പൊലിമയേകി.
അത്തം നഗറില്‍ നിന്നും പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട വഴി എസ്.എന്‍.ജംഗ്ഷനിലെത്തിയ ഘോഷയാത്ര വടക്കേക്കോട്ട, കോട്ടയ്ക്കകം, സ്റ്റാച്ച്യു ജംഗ്ഷന് വഴി തിരികെ അത്തം നഗറിലെത്തി. രാവിലെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂക്കള മത്സരത്തിന്റെ പ്രദര്‍ശനം വൈകിട്ട് നടക്കും. ലായം കൂത്തമ്പലത്തില്‍ വൈകിട്ട് നടക്കുന്ന കലാസന്ധ്യ ഉദ്ഘാടനത്തോടെ രാജനഗരി ആഘോഷ ലഹരിയില്‍ അമരും.
രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം
തൃപ്പൂണിത്തുറ: അത്തം ഘോഷയാത്ര നടക്കുന്ന തൃപ്പൂണിത്തുറയിൽ ഇന്നു രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സർവീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപ്പാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കര വഴി പോകണം.
എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിലെത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകണം.
വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിൾ ജംഗ്ഷനിലെത്തി സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിലെത്തി പോകണം. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽനിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിലെത്തി എസ്എൻ ജംഗ്ഷൻ–പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴിയാണ് പോകേണ്ടത്.
ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടെയ്നർ ലോറി തുടങ്ങിയ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്ത്നിന്ന് മാർക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്കും പ്രവേശനമുണ്ടാകില്ല.
ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം എന്നിവിടങ്ങളിലും കണ്ണൻകുളങ്ങര മുതൽ മിനി ബൈപ്പാസ്–പേട്ട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. പുതിയകാവ് ഭാഗങ്ങളിൽ നിന്നു വരുന്ന സർവീസ് ബസുകൾ സ്റ്റാൻഡിൽ കയറാതെ ഹോസ്പിറ്റൽ ജംഗ്ഷൻ – മിനി ബൈപ്പാസ് വഴി പോകണം.