സ്ത്രീധന പീഡനം; മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി
Monday, August 25, 2025 6:24 PM IST
ജയ്പുർ: രാജസ്ഥാനിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മകളെ കൊന്ന് അധ്യാപിക തീകൊളുത്തി ജീവനൊടുക്കി. ജോധ്പൂർ ജില്ലയിലെ ഡാങ്കിയാവാസ് പോലീസ് സ്റ്റേഷൻ പരിധിയിലെ സർനാഡ ഗ്രാമത്തിലാണ് സംഭവം.
മൂന്ന് വയസുകാരിയായ മകൾ യശസ്വിയെ തീകൊളുത്തിയ ശേഷം സഞ്ജു ബിഷ്ണോയി ജീവനൊടുക്കുകയായിരുന്നു. യശസ്വി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സഞ്ജു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന സഞ്ജു എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിലെത്തിയ സഞ്ജു പെട്രോൾ ഒഴിച്ച് ആദ്യം മകളെ തീകൊളുത്തി. തുടർന്ന് സ്വന്തം ശരീരത്തിലും തീ പടർത്തി. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽക്കാർ പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചു. എന്നാൽ അപ്പോഴേക്കും മകൾ മരിച്ചിരുന്നു. പോലീസ് എത്തിയാണ് സഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്. സഞ്ജു ശനിയാഴ്ച മരണത്തിന് കീഴടങ്ങി.
മൃതദേഹത്തെച്ചൊല്ലി സഞ്ജുവിന്റെ മാതാപിതാക്കളും ഭർതൃവീട്ടുകാരും തമ്മിൽ തർക്കം ഉടലെടുത്തു. ഒടുവിൽ, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്കരിച്ചത്.
ജോധ്പൂർ ജില്ലയിലെ ഫിറ്റ്കാസ്നി ഗ്രാമത്തിൽ നിന്നുള്ള സഞ്ജുവിന്റെ മാതാപിതാക്കൾ, മരുമകൻ ദിലീപ് ബിഷ്ണോയിയും അമ്മയും അച്ഛനും ചേർന്ന് മകളെ ഉപദ്രവിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഭർത്താവ്, അമ്മായിയമ്മ, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ ചേർന്ന് തന്നെ പീഡിപ്പിച്ചതായും ആത്മഹത്യാക്കുറിപ്പിൽ യുവതി ആരോപിച്ചിട്ടുണ്ട്.
ഗണപത് സിംഗ് എന്നയാളുടെ പേരും എഫ്ഐആറിലുണ്ട്. ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഇവർ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.