ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ റീൽസ് ചിത്രീകരണം; പുണ്യാഹം നടത്തുമെന്ന് ദേവസ്വം
Monday, August 25, 2025 5:06 PM IST
തൃശൂർ: റീൽസ് ചിത്രീകരിക്കാനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ യൂട്യൂബർ ജാസ്മിൻ ജാഫർ കാൽ കഴുകിയ സംഭവത്തെ തുടർന്ന് പുണ്യാഹം നടത്തുമെന്ന് അധികൃതർ.
ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും.
കഴിഞ്ഞ ദിവസമാണ് ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. തുടർന്ന് റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം വിവാദമായി.
ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരുന്നു.