രാഹുൽ വിവാദം; നിശ്ചലമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വാട്സാപ്പ് കൂട്ടായ്മ
Monday, August 25, 2025 5:12 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് നിശ്ചലമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വാട്സാപ്പ് കൂട്ടായ്മ. ചര്‍ച്ച വിലക്കുകയും അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയയ്ക്കാവുന്ന രീതിയിലാക്കുകയും ചെയ്തതോടെയാണ് വാട്സാപ്പ് കൂട്ടായ്മ നിശ്ചലമായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.55-നാണ് അവസാന സന്ദേശം വന്നത്. അഡ്മിന് ഒണ്‍ലിയാക്കിയെങ്കിലും, അഡ്മിന്മാരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍റാവു, സെക്രട്ടറി പുഷ്പലത, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ് എന്നിവര്‍പോലും പിന്നീട് ഒരു മെസേജും അയച്ചിട്ടില്ല.
രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍പോലും വന്നിട്ടില്ല. ആകെ ശോകമൂകമാണിപ്പോള് വാട്സാപ്പ് കൂട്ടായ്മ. അതേസമയം രാഹുല്‍ വിരുദ്ധര്‍ ചര്‍ച്ചകള്‍ ജില്ലാ ഗ്രൂപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 190 അംഗങ്ങളുള്ള സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിലെ നേതാക്കള്‍ അനൗദ്യോഗിക ഗ്രൂപ്പുകളുണ്ടാക്കി വിമര്‍ശനത്തിന്റെ ശക്തി കൂട്ടിയിരിക്കുകയാണ്.