യുക്രെയ്ൻ യുദ്ധം: റഷ്യ അയഞ്ഞെന്ന് ജെ.ഡി.വാൻസ്
Monday, August 25, 2025 4:23 AM IST
വാഷിംഗ്ടൺ: യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ റഷ്യയുടെ നിലപാടുമാറ്റം വെളിപ്പെടുത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. യുദ്ധാനന്തരം ഇനിയൊരു ആക്രമണത്തിൽ നിന്ന് യുക്രെയ്നിന് സംരക്ഷണമേകാനുള്ള നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് അറിയിച്ചെന്ന് വാൻസ് വെളിപ്പെടുത്തി.
എന്നാൽ യുദ്ധം അവർ നിർത്തുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. യുദ്ധം തുടങ്ങി മൂന്നര വർഷത്തിനുശേഷം ആദ്യമായാണു റഷ്യ ഇങ്ങനെയൊരു നിലപാടുമാറ്റം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ അലാസ്കയിൽ ഏതാനും ദിവസം മുൻപു കൂടിക്കാഴ്ച നടത്തിയിരുന്നു.
അജണ്ട അംഗീകരിക്കുംവരെ പുടിൻ - സെലെൻസ്കി കൂടിക്കാഴ്ചയില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വ്യക്തമാക്കിയിരുന്നു. കൂടികാഴ്ചയ്ക്ക് വ്യക്തമായ അജണ്ട ഉണ്ടെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്ന് പുടിൻ പറഞ്ഞിരുന്നു.