രാഹുലിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തേക്കും; നിർണായക തീരുമാനം നാളെ
Sunday, August 24, 2025 11:56 PM IST
തിരുവനന്തപുരം: ലൈംഗീക ആരോപണ പരമ്പരകളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യുമെന്ന് സൂചന.
എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസം ഇല്ല. രാഹുൽ വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഇനി മത്സരിക്കാനായി പാർട്ടി സീറ്റ് നൽകില്ല. പാർട്ടി അംഗം അല്ലാത്ത ഒരാളോട് എംഎൽഎ സ്ഥാനം ഒഴിയാൻ പറയാൻ കഴിയില്ലെന്ന വാദമാണ് മുന്നോട്ട് വച്ചത്. കോൺഗ്രസ് നേത്യത്വം കൂടിയാലോചിച്ചാണ് തീരുമാനം.
രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും.
അതുകൊണ്ട് അത്തരം തീരുമാനം വേണ്ടെന്നുള്ള രീതിയിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷനിലക്ക് നേത്യത്വം കടന്നത്. ഇതോടെ സ്വതന്ത്ര എംഎൽഎ ആയി രാഹുൽമാങ്കൂട്ടത്തിൽ മാറും.
കോൺഗ്രസിന്റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുൽ മാങ്കൂട്ടത്തെ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേത്യത്വം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.