കത്ത് ചോർച്ച വിവാദം; മുഹമ്മദ് ഷെർഷാദിനെതിരെ വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്
Sunday, August 24, 2025 9:11 PM IST
കണ്ണൂർ: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പരാതിക്കാരനായ മുഹമ്മദ് ഷെർഷാദിനെതിരെ നിയമ നടപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ലണ്ടനിലെ മലയാളി രാജേഷ് കൃഷ്ണ തോമസ് ഐസകിന്റെ ബെനാമി ആണെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് വക്കീൽ നോട്ടീസ് അയച്ചത്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തോമസ് ഐസക് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഹമ്മദ് ഷെർഷാദിന് നോട്ടീസ് അയച്ചിരുന്നു.
പിബിക്ക് മുഹമ്മദ് ഷെർഷാദ് അയച്ച കത്ത് പുറത്തായത് വൻവിവാദമായതോടെയാണ് ഗോവിന്ദൻ നിയമ നടപടിയിലേക്ക് നീങ്ങിയത്. ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. കത്ത് ചോർച്ചക്ക് പിന്നിൽ തന്റെ മകനല്ലെന്നും ഷെർഷാദ് തന്നെയാണെന്നാണ് വക്കീൽ നോട്ടീസിൽ ഗോവിന്ദൻ പറയുന്നത്.