ട്രെയിനിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയോട് മോശം പെരുമാറ്റം; പോലീസുകാരന് സസ്പെൻഷൻ
Sunday, August 24, 2025 6:36 PM IST
ലക്നോ: ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വനിതാ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഓഗസ്റ്റ് 14നാണ് സംഭവം നടന്നത്.
ഡൽഹിയിൽ നിന്നും പ്രയാഗ്രാജിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആശിഷ് ഗുപ്ത എന്ന കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.
റിസർവ് ചെയ്ത സീറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറി. ഞെട്ടിയുണർന്ന ഇവർ പോലീസുകാരനെ ചോദ്യം ചെയ്യുകയും ഇയാളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
സംഭവം പുറത്തു പറയരുതെന്നും തന്റെ ജോലി പോകുമെന്നും പറഞ്ഞ് ഇയാൾ യുവതിയോട് മാപ്പ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ യുവതി അധികൃതർക്ക് പരാതി നൽകുകയായിരുന്നു.