രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവയ്ക്കണം: ഉമാ തോമസ് എംഎൽഎ
Sunday, August 24, 2025 2:36 PM IST
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ഉമാ തോമസ് എംഎൽഎ. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണ്. ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ശനിയാഴ്ച തന്നെ രാജിവയ്ക്കുമെന്നാണ് കരുതിയത്. ഇത്രയും ആരോപണങ്ങൾ ഉയർന്നുവന്നിട്ടും രാഹുൽ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നൽകിയിട്ടില്ല. അതിനർത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേ?- ഉമാ തോമസ് പ്രതികരിച്ചു.
കോൺഗ്രസ് എന്ന പ്രസ്ഥാനം എന്നും സ്ത്രീപക്ഷത്താണ്. ശനിയാഴ്ച തന്നെ രാഹുൽ രാജി വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പെട്ടെന്നാണ് വാർത്ത സമ്മേളനം റദ്ദ് ചെയ്തത്. എംഎൽഎ സ്ഥാനത്തേക്ക് രാഹുലിനെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. ആരോപണങ്ങൾ ഒന്നിനു പിറകെ ഒന്നായി വരുമ്പോൾ എംഎൽഎ സ്ഥാനത്തുനിന്നും രാജിയ്ക്കുക എന്നത് ധാർമികമായ ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു.