കൈവിട്ട് നേതാക്കൾ, ഒറ്റപ്പെട്ട് രാഹുൽ: രാജിക്കായി സമ്മർദം ശക്തം; കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ
Sunday, August 24, 2025 1:45 PM IST
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ കൂടുതൽ ശക്തമാകുന്നു. മുതിർന്ന നേതാക്കളും വനിതാ നേതാക്കളുമടക്കം രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുലിന്റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു.
രാഹുല്‍ രാജിവച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയപരിധിയുള്ളൂ. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസിൽ അഭിപ്രായമുയരുന്നുണ്ട്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്. വിട്ടുവീഴ്ചയില്ലാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാജിക്കാര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായേക്കും.
കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് മുതിര്‍ന്ന നേതാക്കളെല്ലാം ഏകാഭിപ്രായത്തിലെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കാനുള്ള ഒരു നീക്കവും കോണ്‍ഗ്രസിൽ ശക്തമല്ല. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുസ്ലിം ലീഗിനും കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ പറഞ്ഞു. രാഹുൽ എത്രയും വേഗം രാജിവയ്ക്കുന്നതാണ് നല്ലതെന്ന നിലപാട് വി.എം. സുധീരനും പാര്‍ട്ടി കൂടിയാലോചനയിൽ നേതാക്കളെ അറിയിച്ചു.
രാഹുലിനെതിരെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും തുറന്നടിച്ചു. രാജിവച്ചില്ലെങ്കിൽ പുറത്താക്കണമെന്നും ഇത്തരം വിഴുപ്പുകള്‍ ചുമക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നുമാണ് വാഴക്കൻ വ്യക്തമാക്കിയത്. ഷാഫി പറമ്പിൽ മാത്രമാണ് നിലവിൽ രാഹുലിനെ അല്പമെങ്കിലും പ്രതിരോധിച്ച് രംഗത്തു വന്നിട്ടുള്ളത്.
വനിതാ നേതാക്കളായ ഉമ തോമസ് എംഎൽഎ, ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരും രാഹുലിന്റെ രാജിക്കായി രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ. രമയും പ്രതികരിച്ചിരുന്നു.