അഭിഭാഷകനിൽ നിന്ന് 34 ലക്ഷം തട്ടി: "ടോട്ടൽ ഫോർ യു' പ്രതി ശബരീനാഥിനെതിരെ വീണ്ടും തട്ടിപ്പ് കേസ്
Sunday, August 24, 2025 12:27 PM IST
തിരുവനന്തപുരം: "ടോട്ടൽ ഫോർ യു' തട്ടിപ്പുകേസിലെ പ്രതി ശബരീനാഥിനെതിരെ വീണ്ടും തട്ടിപ്പ് കേസ്. ഓൺലൈൻ ട്രേഡിംഗിനായി അഭിഭാഷകനിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അഭിഭാഷകനായ സഞ്ജയ് വർമയുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു.
ശബരിനാഥ് ഒരു ഇ-കൊമേഴ്സ് സ്ഥാപനം തുടങ്ങിയിരുന്നു. ഇതിൽ ഇ-ട്രേഡിംഗ് നടത്താൻ എന്ന പേരിൽ പലതവണയായി തന്നിൽ നിന്നും സുഹൃത്തിൽ നിന്നുമായി 34,33,000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്.
കോടതിയിൽ വിചാരണയ്ക്ക് വരുമ്പോഴാണ് ശബരീനാഥും സഞ്ജയ് വർമയും പരിചയത്തിലാകുന്നത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ശബരീനാഥ് അഭിഭാഷകനിൽ നിന്നും പണം തട്ടിയത്. പലരിൽ നിന്നായാണ് അഭിഭാഷകൻ 34 ലക്ഷം രൂപ സ്വരൂപിച്ചത്. അതാണ് നഷ്ടമായതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമയെ കോടതി വിസ്തരിച്ചു. ശനിയാഴ്ച തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്. സാക്ഷിയായെത്തി മൊഴി നൽകുകയായിരുന്നു. ശബരിനാഥിന്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു.