രാഹുൽ മാങ്കൂട്ടത്തിലിനെ വിളിച്ചിട്ട് കിട്ടുന്നില്ല... ഒളിവിലാണ്; മന്ത്രി വി.ശിവൻകുട്ടി
Saturday, August 23, 2025 12:41 PM IST
തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ പറഞ്ഞില്ല. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വെള്ളചാട്ടംപോലെ വരികയാണ്. വിദ്യാർഥികൾ ഉൾപ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. രാഹുൽ പരിപാടിയിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും.
പ്രോട്ടോകോൾ അനുസരിച്ച് രാഹുലിന് പരിപാടിയിൽ വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ വരണോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ല. സംഘാടകസമിതി യോഗം അലങ്കോലപ്പെടരുതെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹം സ്വയം തീരുമാനമെടുക്കണമെന്നും മന്ത്രി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. അധ്യക്ഷത വഹിക്കാൻ വേറെ മന്ത്രിമാരുണ്ട്. മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിലാണ്. കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹത്തിൽ മാന്യമായി ഇറങ്ങിനടക്കണമെങ്കിൽ രാഹുൽ രാജിവെക്കണം.
എത്ര ആകാശത്തേക്ക് ഉയർന്ന് പറന്നാലും താഴെയിറങ്ങിയേ സമ്മാനം വാങ്ങൂ എന്ന് ഇപ്പോൾ മനസിലായിക്കാണും. സരിത കുറെ പേര് പറഞ്ഞിരുന്നല്ലോ. എന്നാൽ ഒന്നുമില്ലാതെ പേര് പറയില്ലല്ലോ. എഐസിസി തീരുമാനത്തിന് ഒന്നും ഒരു വിലയുമില്ല. ജനങ്ങളാണ് തീരുമാനിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മനസിലാകുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് വച്ച് നവംബർ ഏഴ് മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.