രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും ധാർമികതയെന്താണ്: ഷാഫി പറമ്പിൽ
Saturday, August 23, 2025 12:08 PM IST
കോഴിക്കോട്: പാർട്ടി ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ബിഹാറിൽ പോയതെന്നും എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും ഷാഫി പറമ്പിൽ എംപി. ആരെ ഭയന്നാണ് ഒളിച്ചോടേണ്ടത്. രാഹുൽ മാങ്കൂട്ടം സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി.
വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ല. രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും ധാർമികതയെന്താണ്. ഒരു കോടതി വിധിയോ ഒരു എഫ്ഐആർഒ വരുന്നതിനു മുൻപ് തന്നെ ആരോപണമുയർന്നപ്പോൾ തന്നെ രാജി സന്നദ്ധത അറിയിക്കുകയും രാഹുൽ രാജിവയ്ക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ തീരുമാനം പാർട്ടി അംഗീകരിച്ചു. ഈ രാജി സിപിഎം നേതാക്കളോ പ്രവർത്തകരോ ആണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ അവിടെ ധാർമികതയുടെ ക്ലാസെടുക്കൽ നടന്നേനെ.
കോൺഗ്രസിനെ നിശബ്ദമാക്കാനാണ് ശ്രമം. കത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ മറയ്ക്കാനാണിത്. രാഹുൽ സ്ഥാനമൊഴിഞ്ഞിട്ടും പിന്നെയും കുറ്റപ്പെടുത്തുന്നത് തുടരുകയാണ്. കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിഷയത്തിന്റെ ധാർമികതയായിരുന്നു ഒരു പ്രശ്നമെങ്കിൽ രാഹുലിന്റെ രാജി ഒരു പ്രധാനപ്പെട്ട ചുവട്വെയ്പ്പ് തന്നെയാണ്. അതിനപ്പുറത്തേക്ക് കോൺഗ്രസിനെ നിർവീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സർക്കാരിന്റെ ചെയ്തികളിൽ നിന്ന് തത്കാലം മറച്ച് പിടിക്കാൻ വിവാദം മറയാക്കുകയാണെന്നും ഷാഫി ആരോപിച്ചു. മാധ്യമങ്ങൾ രാഷ്രീയ അജണ്ടയുടെ ഭാഗമാകുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഷാഫി ചോദിച്ചു.