രാഹുലിനോട് രാജി ആവശ്യപ്പെട്ടിട്ടില്ല, സ്വയം രാജിവച്ചത്: ദീപാ ദാസ് മുൻഷി
Saturday, August 23, 2025 11:32 AM IST
തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സ്ഥാനം രാഹുല്‍ സ്വയം രാജി വയ്ക്കുകയായിരുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ഒരു സ്ത്രീയില്‍ നിന്നോ ഏതെങ്കിലും കുടുംബത്തില്‍ നിന്നോ പാര്‍ട്ടി നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. രാഹുലിനെതിരെ ഇതുവരെ പോലീസിലും പരാതി ലഭിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഇതുവരെ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ മാധ്യമങ്ങളില്‍നിന്നാണ് രാഹുലിനെതിരെ പരാതിയുയര്‍ന്നതായി അറിഞ്ഞത്. രാഹുല്‍ വളരെ വ്യക്തമായി തന്റെ ഭാഗം അറിയിച്ചുകഴിഞ്ഞു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.
രാഹുലിനെതിരെയുള്ള പരാതിയില്‍ അന്വേഷണത്തിനായി പാര്‍ട്ടി ഒരു സമിതിയെ നിയോഗിച്ചതായുള്ള ഒരു മാധ്യമറിപ്പോര്‍ട്ട് കണ്ടു. രാഹുലിനെ സംബന്ധിച്ച് ഒരാളും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാത്ത് സ്ഥിതിയ്ക്ക് എങ്ങനെയാണ് ഏതെങ്കിലും നടപടി സ്വീകരിക്കാന്‍ സാധിക്കുക.
ഇതൊരു നിയമയുദ്ധമല്ല, ഇത് നിയമപരമായുള്ള പരാതിയല്ല. ഇത് സദാചാരപരമായ ഒരു വിഷയമാണ്. കോണ്‍ഗ്രസ് എപ്പോഴും സന്മാര്ഗത്തിന് പ്രാധാന്യം നല്‍കാറുണ്ട്. അതുതന്നെയാണ് ഈ വിഷയത്തിലും പാര്‍ട്ടി മുഖവിലയ്ക്കെടുത്തത്.
സ്ഥാനമൊഴിയണമെന്ന കാര്യം തീരുമാനിച്ചു, അത് അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സമാനമായ നടപടി മറ്റു രാഷ്ട്രീയകക്ഷികളും നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും ദീപാ ദാസ് മുൻഷി വ്യക്തമാക്കി.