ന്യൂയോർക്കിൽ ബസ് മറിഞ്ഞ് അഞ്ച് മരണം; അപകടം നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുമ്പോള്‍
Saturday, August 23, 2025 5:51 AM IST
വാഷിംഗ്ടൺ: നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.
50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന ഉടൻതന്നെ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല.