അദാനി ലോജിസ്റ്റിക്സ് പാര്‍ക്ക്; നിര്‍മാണോദ്ഘാടനം ഇന്ന്
Saturday, August 23, 2025 5:08 AM IST
കൊച്ചി: സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയുടെ ഭാഗമായി കളമശേരിയില്‍ ആരംഭിക്കുന്ന അദാനി ലോജിസ്റ്റിക്സ് പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ഇന്നു നടക്കും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പങ്കെടുക്കും. 70 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കുന്ന ഈ പദ്ധതിയില്‍ 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ വരുന്നത്.
13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുസ്ഥിര വികസനത്തിനുള്ള സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ-കൊമേഴ്സ്, എഫ്എംസിജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍, റീട്ടെയില്‍ മേഖലകളിലെ കയറ്റുമതി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു പദ്ധതിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.