പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ
Saturday, August 23, 2025 12:21 AM IST
തിരുവനന്തപുരം: പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45)യാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.
കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള മറ്റൊരു എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് പറയുന്നത്.
പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവർ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും സിസിടിവി പരിശോധിച്ച് പോലീസ് ആളെ സ്ഥിരീകരിച്ചു. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.