സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു
Friday, August 22, 2025 11:45 PM IST
ഹൈദരാബാദ്: സിപിഐ മുൻ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
2012 മുതൽ 2019 വരെ സിപിഐയെ നയിച്ച സുധാകർ റെഡ്ഡി രണ്ട് തവണ ലോക്സഭ അംഗമായിരുന്നു. നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് 1998 ലും 2004 ലുമാണ് ലോക്സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 1942 മാർച്ച് 25 ന് മെഹബൂബ് നഗറിൽ ജനിച്ച സുധാകർ റെഡ്ഡി കുട്ടിക്കാലം മുതൽ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചു.
വിദ്യാർഥി കാലഘട്ടത്തിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായ അദ്ദേഹം സിപിഐയിൽ ചേരുകയായിരുന്നു. വെങ്കിടേശ്വര സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് എഐഎസ്എഫ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബിഎ പാസായശേഷം ഉസ്മാനിയ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു. പിന്നീട് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
എഐഎസ്എഫ് ജനറൽ സെക്രട്ടറി, എഐവൈഎഫ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1968ൽ റെഡ്ഡി സിപിഐ ദേശീയ കൗണ്‍സിൽ അംഗമായി. സിപിഐ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.