ഇടുക്കിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി
Friday, August 22, 2025 11:24 PM IST
ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. ശിവഘോഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ശിവഘോഷ് താമസിക്കുന്ന വാടകവീട്ടില്‍ തിരഞ്ഞെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ശിവഘോഷ് മീനാക്ഷിയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. ഇവര്തമ്മില് അടുത്തദിവസങ്ങളില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും വിവരം ലഭിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് ശിവഘോഷ് മരിച്ച വീടിന് സമീപത്തുതന്നെയുള്ളതായി കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അതേ വീട്ടിലെത്തന്നെ ശുചിമുറിയോടു ചേര്‍ന്നുള്ള മുറിയില്‍ പെണ്‍കുട്ടിയെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മരണകാരം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.